ചട്ടഞ്ചാല്‍: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സപ്തദിന സ്പെഷ്യല്‍ ക്യാമ്പ് അതിജീവനം 2021 ഡിസംബര്‍ 26 ന് ആരംഭിച്ച് ജനുവരി 1 ന് സമാപിക്കും. ജില്ലയിലെ 52 യൂണിറ്റുകളില്‍ നിന്ന് 2600 വളണ്ടിയര്‍മാര്‍ ഏഴ് ദിവസങ്ങളിലായി ക്യാമ്പില്‍ പങ്കാളികളാകും.സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല എന്‍ എസ് എസ് കണ്‍വീനര്‍ ക്യാമ്പ് സന്ദേശവും ജില്ലാ കണ്‍വീനര്‍ വി ഹരിദാസ് ക്യാമ്പ് വിശദീകരണവും നല്കി. പ്രിന്‍സിപ്പാള്‍ പി രതീഷ് കുമാര്‍, ഷംസുദ്ദീന് തെക്കില്മൊയ്തീന് കുട്ടി ഹാജി, എം മണികണ്ഠന്, ഭാസ്കരന് ചട്ടഞ്ചാല്‍, എ പ്രീത എന്നിവര്‍ സംസാരിച്ചു. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സുമായി സഹകരിച്ച് ഉദ്ബോധ് എന്ന പേരില്‍ ഒരു യൂനിറ്റ് 250 വീടുകള്‍ എന്ന തോതില്‍ സന്ദര്‍ശിച്ച് വയോജനങ്ങളുടെ ഓര്‍മകുറവ് സംബന്ധിച്ച സര്‍വ്വേ സംഘടിപ്പിച്ച് വിവരങ്ങള്‍ കൈമാറും. നാമ്പ് പരിപാടിയുടെ ഭാഗമായി ഓരോ യൂണിറ്റും 500 സീഡ് ബോളുകള്‍ തയ്യാറാക്കും. സ്കൂളില്‍ തനതിടം, കൃഷിയിടം, ഹരിതം, ബോധവത്കരണ പ്രവര്‍ത്തനങ്ങളായ സമദര്‍ശന്‍, കാവലാള്‍, സത്യമേവ ജയതേ, ഗാന്ധി സ്മൃതി ,പ്രഥമ ശുശ്രൂഷ പരിശീലനം,ഭരണഘടന വാരാചരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ജില്ലാ കണ്‍വീനര്‍ വി ഹരിദാസ്, പി എ സി അംഗങ്ങളായ എം മണികണ്ഠന്, കെ വി രതീഷ്, എം രാജീവന്, സി പ്രവീണ്‍കുമാര്‍, ഇ ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്‍കും.