CLOSE

മത്സ്യകൃഷിയില്‍ രണ്ടാം തവണയും വിജയം കൈവരിച്ച് രാവണേശ്വരം പുതിയ കണ്ടത്തെ എന്‍.അശോകന്‍ നമ്പ്യാര്‍

Share

രാവണേശ്വരം : 32 വര്‍ഷം പ്രവാസ ജീവിതം നയിച്ച രാവണേശ്വരം പുതിയ കണ്ടത്തെ എന്‍.അശോകന്‍ നമ്പ്യാര്‍ നാട്ടില്‍ സ്ഥിരതാമസം ആക്കിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമായി. ഇതിനിടയില്‍ തെങ്ങ്, വാഴ, മറ്റു പച്ചക്കറികള്‍, പശു പരിപാലനം,കോഴി വളര്‍ത്തല്‍ തുടങ്ങിനിരവധി കൃഷികള്‍ അശോകന്‍ നമ്പ്യാര്‍ ചെയ്തു വരുന്നതിനിടയിലാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം ചെയ്ത മത്സ്യ കൃഷിയിലും നല്ല വിളവ് ലഭിച്ചിരുന്നു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹായത്തോടെയാണ് മത്സ്യ കൃഷി ചെയ്യുന്നത്. ഒരു പ്രോജക്ടിന് ഒരു ലക്ഷത്തി 23 ആയിരം രൂപയാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നത്. ഇതില്‍ 40 ശതമാനം സബ്‌സിഡിയായി കര്‍ഷകന് ലഭിക്കുന്നു. ഇരുപത്തി ഒന്‍പതിനാ യിരം രൂപ പഞ്ചായത്തിന്റെയും 16400രൂപ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌ന്റെയും. ഇതിന് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് നല്‍കുന്നത്. 10 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ആഴവുമുള്ള കൃത്രിമ കുളം നിര്‍മിച്ചാണ് മത്സ്യ കൃഷിക്കായി പദ്ധതി തയ്യാറാക്കുന്നത്. ഇതിലേക്ക് 1000 ആസാം വാള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പിന്നീട് തീറ്റയും നല്‍കിയാണ് അശോകന്‍ നമ്പ്യാര്‍ ഇപ്പോള്‍ മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്‌തെടുത്തിരിക്കുന്നത്. ഏകദേശം ആറ് മാസമാണ് ഇവയുടെ വിളവെടുപ്പ് കാലം എങ്കിലും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് മൂലം കഴിഞ്ഞ മാര്‍ച്ചില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം ഇപ്പോള്‍ ഡിസംബറിലാണ് അശോകന്‍ നമ്പ്യാര്‍ വിളവെടുപ്പ് നടത്തിയിരിക്കുന്നത്. വിളവെടുപ്പ് നടത്തിയ ഒരു ആസാം വാള മത്സ്യത്തിന് ഏകദേശം 400 ഗ്രാം തൂക്കം വരും. തന്റെ കൃഷിക്കാവശ്യമായ പ്രോത്സാഹനവുമായി ഭാര്യ കെ.കാര്‍ത്ത്യായനിയും മകളായ ശ്രുതിയും കൂടെയുണ്ടെന്ന് അശോകന്‍ നമ്പ്യാര്‍ പറയുന്നു. എന്നാല്‍ മത്സ്യവിപണനാം നടത്തുന്നതിന് ഏറെ പ്രയാസം നേരിടുന്നു എന്നും ഇതിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാവണമെന്നും അശോകന്‍ നമ്പ്യാര്‍ സൂചിപ്പിച്ചു. മത്സ്യകൃഷിയുടെ വിളവെടുപ്പും ആദ്യ വില്പനയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി, അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ പ്രൊമോട്ടര്‍മാരായ കെ. ശരണ്യ, യു.നദാഷ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്ന് പ്രമോട്ടര്‍ ശരണ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *