CLOSE

ജില്ലയിലെ ആദ്യ മാതൃകാ പ്രീ സ്‌കൂളാകാനൊരുങ്ങി മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍

Share

ഉദ്ഘാടനം ഇന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും

ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീ സ്‌കൂളിന്റെ ഉദ്ഘാടനം ഡിസംബര്‍ 27 ന് തിങ്കളാഴ്ച മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സമഗ്ര ശിക്ഷ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ആകര്‍ഷകമായ രീതിയില്‍ മാതൃക പ്രീ സ്‌കൂള്‍ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസരംഗം ഒരു കുടക്കീഴിലാക്കിയതോടെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയും കുതിപ്പിന്റെ ഭാഗമായിക്കഴിഞ്ഞു. അഭിനയമൂല, ചിത്രകലാമൂല, സംഗീത മൂല, നിര്‍മാണമൂല, വായനാമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിങ്ങനെ ഏഴുമൂലകള്‍ ഈ ഫണ്ടുപയോഗിച്ച് മേലാങ്കോട്ട് സജ്ജമാക്കിയത്.പാഠ്യപദ്ധതി വിനിമയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രധാന ഇടങ്ങളായി പ്രവര്‍ത്തന മൂലകളെ മാറ്റിയെടുക്കാന്‍ ഏറെ ആകര്‍ഷകവും നൂതനവും വേറിട്ടതുമായ പഠനോപകരണങ്ങളും കളിയുപകരണങ്ങളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ചമഞ്ഞു കളി, പാവനാടകം, റോള്‍ പ്ലേ, അനുകരണം തുടങ്ങിയവയ്ക്കാവശ്യമായ ഉപകരണങ്ങളാണ് ഇവിടെയുള്ളത്.ചിത്രകലാ മൂലയില്‍ വരയ്ക്കാനുള്ള നൈസര്‍ഗിക ശേഷിയെ വളര്‍ത്തിയെടുക്കും .സംഗീത മൂലയില്‍ വിവിധ സംഗീതോപകരണങ്ങള്‍ ഒറ്റയ്ക്കും സംഘമായും ആസ്വാദ്യകരമായി കൈകാര്യം ചെയ്യാനും പ്രകൃതിയിലെ ശബ്ദങ്ങള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.നിര്‍മാണമൂലയില്‍ കുട്ടികള്‍ക്ക് തന്റെ പരിസരത്തെയും പ്രകൃതിയിലെയും വസ്തുക്കളെ നിര്‍മാണ മൂലയിലേക്ക് സൃഷ്ടിക്കാന്‍ അവസരമൊരുക്കുകയുണ്ടായി. ഇരുന്നൂറോളം പുസ്തകങ്ങള്‍ സജ്ജീകരിച്ച്, വായനയ്ക്കുള്ള വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗണിതം ആസ്വദിച്ച് പഠിക്കാനുള്ള പഠനോപകരണശേഖരണമാണ് ഗണിതമൂലയെ സമ്പന്നമാക്കിയിട്ടുള്ളത്. തീമുകളുടെ അടിസ്ഥാനത്തില്‍ രുചി, നിറം, മണം, സ്പര്‍ശം, ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട നൂറില്‍പ്പരം പഠനോപകരണങ്ങളാണ് ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കുന്നത്. ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ കളിരീതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ശേഷികള്‍ ആര്‍ജ്ജിക്കുന്ന രീതിയിലാണ് ഓരോ മൂലകളുടെയും ക്രമീകരണം.
ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 വിദ്യാലയങ്ങള്‍ കൂടി 2022 വര്‍ഷത്തോടെ മാതൃകാ സ്‌കൂളുകളാക്കുക എന്നതാണ് സമഗ്ര ശിക്ഷ ലക്ഷ്യമിടുന്നതെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *