ജീവനത്തില്‍ ഉയിരിടുന്നു ജീവന്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനം ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച രോഗികള്‍ നേരിട്ടെത്തി ഡയാലിസിസ് ചെയ്തു. ആദ്യഘട്ടത്തില്‍ 50 അപേക്ഷ ലഭിച്ചിട്ടുണ്ട്.
നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കില്‍ സ്വന്തം നാട്ടില്‍ ഡയാലിസിസ് സാധ്യമാകും. മംഗളൂരുവിലും പരിയാരത്തുമടക്കം പോയി വലിയ ചിലവില്‍ ചികിത്സിച്ചവരുടെ ദുരിതത്തിനും ആശ്വാസമാകും.
പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ, അജാനൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷവും ജീവനം പദ്ധതിക്ക് തുക നീക്കിവച്ചിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജ്, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസനഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ട് എന്നിവ ഉപയോഗിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. പെരിയ സൗഹൃദവേദി ഡയാലിസിസിനാവശ്യമായ വെള്ളത്തിന്റെ സൗകര്യവും ഒരുക്കി.
ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ലോക്കുപഞ്ചായത്തുകളില്‍ സംസ്ഥാനത്താദ്യമായാണ് ഇത്തരം വേറിട്ട പ്രവര്‍ത്തനം. കേരളാ ബാങ്ക് പെരിയ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ സംഭാവന നല്കി പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നിര്‍ധന രോഗികളുടെ ഡയാലിസിസിന് സഹായം നല്‍കാം.
ജില്ലയിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കിഡ്സ് എന്ന പേരില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുമുണ്ട്.
ആദ്യഘട്ടത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രോഗികള്‍ക്കാണ് മുന്‍ഗണന. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനനുസരിച്ച് എല്ലാ രോഗികള്‍ക്കും ചികിത്സ നല്‍കാനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന് പറഞ്ഞു.