കൊച്ചി: ചെല്ലാനം മറുവാക്കാടുനിന്ന് കാതങ്ങള്‍ താണ്ടി ബംഗാളിലെത്തിയ പൊക്കാളി മാസങ്ങള്‍ക്കുശേഷം വിളവെടുത്തു. പശ്ചിമബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ ജോയിനഗറിലെ ദോസി ഗ്രാമത്തിലാണ് വ്യാഴാഴ്ച വിളവെടുത്തത്.
ബസുദേവ് പട്ടക്കാരെ എന്ന കര്‍ഷകനാണ് 0.55 ഏക്കര്‍ പാടത്ത് 10 കിലോ പൊക്കാളി നെല്‍വിത്തുകള്‍ മുളപ്പിച്ചശേഷം ജൂലൈ അവസാനത്തോടെ ഞാറ് പറിച്ചുനട്ടത്. സാധാരണഗതിയില്‍ വിതച്ചതിനുശേഷം 110 ദിവസംകൊണ്ട് വിളവെടുക്കാനാകും. ശാസ്ത്രപ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റിയുടെ ബംഗാള്‍ ഘടകമാണ് കര്ഷകനുവേണ്ട വിത്തുകള്‍ കൊച്ചിയില്‍നിന്ന് ക്രമീകരിച്ച് നല്‍കിയത്.
24 പര്‍ഗാന ജില്ലയിലെ കൂള്താലി നിയമസഭ മണ്ഡലത്തില്‍ പടിഞ്ഞാറെ ദേഭിപൂര് ഗ്രാമത്തില്‍ കാര്‍ത്തിക സസമല്, പ്രഭാകര്‍ മീറ്റി എന്നീ കര്‍ഷകരും കൃഷി പരീക്ഷണത്തിനുണ്ടായിരുന്നു. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആര് ശാസ്ത്രജ്ഞനായ ഡോ. സൗമിത്രോ ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.