CLOSE

കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

Share

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങള്‍ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നു. എല്ലാവരും പരമാവധി ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ നദീ തീരങ്ങളിലുള്ളവര്‍ കര്‍ശനമായി പാലിക്കണം. കേന്ദ്ര കാലാവസ്ഥ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *