CLOSE

മോഡലുകളുടെ അപകട മരണം; ഹോട്ടല്‍ ഉടമ ചോദ്യം ചെയ്യലിന് ഹാജരായി

Share

കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് എ സി പി ഓഫീസിലാണ് ഹാജരായത്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ചോദിച്ചറിയാനാണ് റോയിയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു എങ്കിലും റോയ് ഹാജരായിരുന്നില്ല.

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങള്‍ വെച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പോലീസ് അറിയിച്ചു.

ഡി.ജെ പാര്‍ട്ടിയില്‍ ഏകദേശം 20 പേര്‍ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ച് വയ്ക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളിലെ ബില്‍ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പോലീസ്.

ഹോട്ടല്‍ ഉടമയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ടെക്നീഷ്യന്റെ സഹായം തേടിയതായി പോലീസിന് വിവരം ലഭിച്ചു. വാട്സപ്പ് കോളില്‍ ടെക്നീഷ്യനെ വിളിച്ചതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ തര്‍ക്കമുണ്ടായപ്പോള്‍ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വെച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പോലീസ് നിഗമനം.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നു. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടര്‍ന്ന് ഹോട്ടലുടമ എത്തിയതായി പൊലീസ് സംശയിക്കുന്നു. സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് വേണ്ടത്.

അതേസമയം, ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. നടപടി നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്സൈസ് നല്‍കുന്ന വിശദീകരണം.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *