CLOSE

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

Share

സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ (Pulmonary rehabilitation) ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും മാത്രമല്ല ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന ഒരു ചികിത്സാ രീതിയാണ് ശ്വാസകോശ പുനരധിവാസം. ശ്വസന വ്യായാമ മുറകള്‍, എയറോബിക് വ്യായാമങ്ങള്‍, പുകവലി നിര്‍ത്തുന്നതിനുള്ള സഹായം, ശ്വാസകോശ രോഗികള്‍ വിഷാദ രോഗങ്ങള്‍ക്കടിമപ്പെടാതിരിക്കാനുള്ള കൗണ്‍സലിംഗ് സേവനങ്ങള്‍ എന്നിവയൊക്കെയാണ് ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നത്. ഈ സേവനങ്ങള്‍ സി.ഒ.പി.ഡി. രോഗികള്‍ക്ക് മാത്രമല്ല മറ്റു ശ്വാസകോശ രോഗികള്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം സി.ഒ.പി.ഡി. രോഗികളുണ്ടെന്നാണ് കണക്ക്. സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സി.ഒ.പി.ഡി.യ്ക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ സി.ഒ.പി.ഡി. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തുന്നു.
39 ജില്ലാ, ജനറല്‍ ആശുപത്രികളിലും 379 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനോടകം തന്നെ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചു. ഈ ക്ലിനിക്കുകളിലൂടെ 20,000 ത്തിലധികം സി.ഒ.പി.ഡി. രോഗികളെ ഇതിനകം കണ്ടെത്തി ആവശ്യമായ സേവനങ്ങള്‍ നല്‍കി വരുന്നു. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *