കോഴിക്കോട്: പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പുനഃസംഘടനക്കെതിരെ നിലവില്‍ ആരും പരാതി പറഞ്ഞിട്ടില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കി. കെ സുധാകരനെക്കുറിച്ച ആരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നൂറുശതമാനം പൂര്‍ണ്ണതയോടെ ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്ത് ജനറല്‍ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തി കെ പി സി സി പുനഃസംഘടന പ്രശ്നം പരിഹരിക്കാന്‍ നീക്കം. എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡിന്റെ നടപടി. ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കണ്ട് മടങ്ങിയതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം . 30 പുതിയ കെ പി സി സി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കും. മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ക്കും എംഎല് എമ്മാര്‍ക്കും ഭാരവാഹിത്വം ഏല്‍പ്പിക്കുന്നതിന് തടസമുണ്ടായേക്കില്ല.
സംസ്ഥാനത്തെ പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കുമെന്നാണ് സൂചന.