CLOSE

മദ്യപിച്ച് തര്‍ക്കം; മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍

Share

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍. ഓലത്താനി പാതിരിശേരി എസ് എസ് ഭവനില്‍ ശശിധരന്‍ നായരെ(62) ആണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശശിധരന്‍ നായര്‍ മകന്‍ എസ്എസ് അരുണിനെ(32) കുത്തിക്കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും വീട്ടില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി. മദ്യലഹരിയില്‍ ശശിധരന്‍ നായര്‍ ഭാര്യയെ കയ്യേറ്റം ചെയ്തത് അരുണ്‍ ചോദ്യം ചെയ്തതോടാണ് സംഭവങ്ങളുടെ തുടക്കം. അമ്മയെ മര്‍ദ്ദിച്ചത് അരുണ്‍ തടയുകയും അച്ഛനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. പ്രകോപിതനായ ശശിധരന്‍ നായര്‍ കത്തികൊണ്ട് അരുണിനെ കുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് അരുണ്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപിച്ചുള്ള വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. അവിവാഹിതനായ അരുണ്‍ നിര്‍മ്മാണത്തൊഴിലാളിയാണ്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ നെയ്യാറ്റിന്‍കര സിഐ സാഗര്‍, എസ്ഐമാരായ സ്റ്റീഫന്‍, ജയരാജ്, എഎസ്ഐ ബിജു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *