കൊച്ചി: പാലാരിവട്ടത്ത് കാറപകടത്തില്‍ മോഡലുകള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റില്‍.
മോഡലുകള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിലാണ് അറസ്റ്റ്. നേരത്തെ ഹോട്ടലില്‍ പൊലീസ് എത്തുന്നതിന് മുമ്ബ് തന്നെ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ മാറ്റിയിരുന്നു.
പിന്നീട് റോയിയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് റോയ് കൈമാറിയ ഡി.വി.ആറില്‍ ഡി.ജെ പാര്‍ട്ടിയുടെ നിര്‍ണായക ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് നശിപ്പിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റോയിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
കേസിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച മോഡലുകളിലൊരാളായ ആന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നമ്ബര്‍ 18 ഹോട്ടലുടമയുടെ ഇടപെടലുകളില്‍ ദുരൂഹതയുണ്ട്. ഹോട്ടലുടമ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചതായും ആന്‍സിയുടെ കുടുംബം പറഞ്ഞു.
ആന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്ന്നത് എന്തിനാണെന്ന് അറിയണം. ഇതുസംബന്ധിച്ച് അന്വേഷണം വേണം. നമ്ബര്‍ 18 ഹോട്ടലുടമയെ നേരത്തെ അറിയില്ല. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും ഹോട്ടലുടമക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ആന്‍സിയുടെ കുടുംബം ചോദിച്ചു.