ശബരിമല: ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം. നിലയ്ക്കലിലെ ശൗചാലയങ്ങള്‍ രണ്ട് ദിവസത്തിനകം ഉപയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം. കുടിവെള്ള വിതരണം പൂര്‍ണതോതിലാക്കാന്‍ നിര്‍ദേശിച്ച് പത്തനംതിട്ട കളക്ടര്‍. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ആരംഭിച്ചു. 10 ഇടത്താവളങ്ങളില്‍ ആയിരിക്കും ബുക്കിങ്ങ് സൗകര്യം. കൂടാതെ അവശേഷിക്കുന്ന കടകളില്‍ ചിലത് കൂടി സന്നിധാനത്ത് ലേലം കൊണ്ട് കരാറിലായി. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
വെര്‍ച്ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പുറമെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്ബാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നി ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ എത്തിയ ശേഷം സ്പോട്ട് ബുക്കിംഗ് നടത്തി ദര്‍ശനത്തിനായി മലയിലെത്താം.