തളിപ്പറമ്പ്: സംസ്ഥാനത്ത് സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പേരാവൂര്‍ ഉള്‍പ്പെടെയുള്ള സൊസൈറ്റിയില്‍ ഉണ്ടായത് അപമാനകരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ കൃത്യമായി കൈകാര്യം ചെയ്യാനാകണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കാലത്തിനനുസരിച്ചുള്ള നവീകരണമില്ലെങ്കില്‍ സിപിഐഎം തകര്‍ച്ചയെഅഭിമുഖീകരിക്കേണ്ടിവരും. ഇടതുപക്ഷം ജനതയെ നവീകരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.
സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലും ചിട്ടി തട്ടിപ്പ് നടന്നിരുന്നു. 2017ലാണ് സൊസൈറ്റി ധനതരംഗ് എന്ന പേരില്‍ ചിട്ടി ആരംഭിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ 800ല്‍പ്പരം ആളുകളെ നിക്ഷേപകരാക്കി. മാസം 2000 രൂപ തവണ വ്യവസ്ഥയിലുള്ള ചിട്ടിയില്‍ നറുക്ക് കിട്ടിയവര്‍ പിന്നെ തുക അടയ്ക്കേണ്ട. എന്നാല്‍ ഇത്തരം ചിട്ടികള്‍ക്ക് സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.