പേരൂര്‍ക്കട: ദത്തുവിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുഞ്ഞിനെ അമ്മയെ കാണിക്കുന്നതിന് നിയമപരമായ നടപടിയെടുക്കും. കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുമെന്നും കുഞ്ഞിന്റെ അവകാശമാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ ഡി എന്‍ എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലാണ് പരിശോധന നടത്തുക. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഉദ്യോഗസ്ഥര്‍ ശിശുഭവനില്‍ നിന്ന് മടങ്ങി. അതേസമയം അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഖരിക്കും. രണ്ട് മണിക്ക് ആര്‍ജിസിബിയില്‍ എത്താന്‍ അനുപമയ്ക്കും അജിത്തിനും നിര്‍ദേശം നല്കി.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും sപാലീസുകാരുമടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്.