ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് കരകയറ്റുന്നതിനാണ് ടൂറിസം മേഖലയില്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് മുന്‍കാലങ്ങളിലൊന്നും ഊഹിക്കാന്‍ കഴിയാത്ത തരത്തില്‍ ടൂറിസം മേഖലയില്‍ ഒതുങ്ങല്‍ വേണ്ടിവന്നു. നേരിട്ട് അഞ്ച് ലക്ഷം പേര്‍ക്കും പരോക്ഷമായി 20 ലക്ഷം പേര്‍ക്കും തൊഴില്‍ നല്കുന്ന മേഖലയാണിത്. കോവിഡിന്റെ ആഘാതത്തിനു ശേഷം വലിയ തിരിച്ചു വരവിനാണ് ടൂറിസം മേഖല തയ്യാറെടുക്കുന്നത്.
ഏതൊരു വിനോദസഞ്ചാരിയെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ആലപ്പുഴയുടെ ഭൂപ്രകൃതിയും വലിയ തോതില്‍ ടൂറിസ്റ്റുകള്‍ക്ക് ഹരമാണ്. ആലപ്പുഴയ്ക്ക് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ട്. അതിനാലാണ് ജില്ലയ്ക്ക് പ്രത്യേക പൈതൃക പദ്ധതി അനുവദിച്ചത്. ഏകദശം 100 കോടി രൂപയുടെ വികസന പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. ആലപ്പുഴയിലെ തോടുകളുടെ നവീകരണം നടന്നുവരുന്നു. ഇത് ജില്ലയിലെ ടൂറിസത്തിന് വലിയ ഉണര്‍വ് നല്‍കും. ടൂറിസം, തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പില്‍ഗ്രിം ടൂറിസ്റ്റ് സര്‍ക്യൂട്ടിന്റെ ഭാഗമായാണ് കണിച്ചുകുളങ്ങരയില്‍ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു നിലകളുള്ള 13600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തിനായി 5.75 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്നത്. 33 മുറികള്‍, രണ്ട് കടമുറികള്‍, ലിഫ്റ്റ്, ശുചിമുറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.