2017 ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും.
കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി – വൈദ്യുതി കണക്ഷനുകളുടെ വിശദാംങ്ങള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ കാമ്പയിന്‍ നടത്തും.
2022 ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലേക്ക് പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ഉറപ്പു വരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പി.എന്‍.എക്‌സ്. 4630/2021
റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍
കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കും.
ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും.
ഓരോ ആഴ്ചയുടെയും അവസാന പ്രവര്‍ത്തി ദിവസം ഫര്‍ക്ക റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ റേഷന്‍ ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷന്‍ കാര്‍ഡിനെ സംബന്ധിച്ച അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ എ.ആര്‍.ഡി തലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റിക്കും കൈമാറും.