തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ 10 വയസ്സുകാരിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് നിഷ ഭവനില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയായ രാജേഷ് എന്ന മാരിമുത്തു(32) ആണ് പോലീസ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 ഓടെ വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ യുവതിയും അവരുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. കിടപ്പുമുറിയുടെ ജനാല വഴി പ്രതി മാരിമുത്തു അവരുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കുട്ടിയെ പ്രതി പലപ്രാവശ്യം കവിളില്‍ അടിച്ചും ഹോസ് പൈപ്പ് കൊണ്ട് അടിച്ചും മറ്റും ദേഹോപദ്രവം ഏല്‍പ്പിച്ചത് വിലക്കിയതിലുളള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ സുരേഷ് കുമാര്‍ കെ.എസ്, എസ്.ഐമാരായ ഷാജി, ജയപ്രകാശ്, എസ്.സി.പി.ഒ അനൂപ്, സി.പി.ഒമാരായ ശ്രീജിത്, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.