തലശ്ശേരി: ബോംബ് സ്ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ധര്‍മടം പോലീസ് സ്വമേധയാ കേസെടുത്തു. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ധര്‍മടം പാലയാട് നരിവയലില്‍ ആണ് സംഭവം.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ച രണ്ടിന് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് നരിവയല്‍ പി.സി ഹൗസില്‍ പി.സി പ്രദീപന്റെ മകന് കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീവര്ധിന് (12) സ്ഫോടനത്തില്‍ പരിക്കേറ്റത്.
കളിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ പന്തിന്റെ ആകൃതിയിലുള്ള ബോംബ് നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. കാലിനും കൈക്കും പുറത്തും പരിക്കേറ്റ കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.