കുറ്റിപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. കുറ്റിപ്പുറം മൂടാല്‍ ഭാഗത്തുനിന്ന് തൃപ്രങ്ങോട് ബീരാന്‍ചിറ സ്വദേശി താമരത്ത് വിഷ്ണു (22), പാണ്ടികശാല ഞായംകോട്ടില് ഷറഫുദ്ദീന് (29), കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ചേകനൂര്‍ സ്വദേശി കുന്നത്ത് സിറാജ് (19) എന്നിവരാണ് പോലീസ് പിടിയിലായത്.
സ്കൂള്‍ തുറന്നതോടെ കുട്ടികള്‍ക്ക് ലഹരിവിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷന് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവര്‍ പിടിയിലായത്.
തുടര്‍ന്ന് ഇവരുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ലഹരിമുക്തി ചികിത്സക്ക് അയച്ചു. എസ്.ഐ നിഖില്‍ എസ്.സി.പി.ഒ ജയപ്രകാശ്, നിഷാദ്, അലക്സ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.