തിരുവനന്തപുരം: ജില്ലകളില്‍ നിലവിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം സാധ്യതയുള്ള പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സിലുകളിലേക്ക് (ഡിടിപിസി) പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ക്ക് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസത്തെക്കുറിച്ച് സര്‍ക്കാരിന് കാഴ്ചപ്പാടുണ്ട്. സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം നയങ്ങള്‍ക്കനുസൃതമായാണ് ഡിടിപിസികള്‍ പ്രവര്‍ത്തിക്കേണ്ടത്. സമയബന്ധിതമായ അറ്റകുറ്റപ്പണികളിലൂടേയും നിരന്തര പരിശോധനകളിലൂടേയും ടൂറിസം ആസ്തികള്‍ കൃത്യമായി സംരക്ഷിക്കപ്പെടണം. അതത് ജില്ലകളിലുള്ള ടൂറിസം ആസ്തികളെക്കുറിച്ച് ഡിടിപിസി സെക്രട്ടറിമാര്‍ക്ക് അറിവുണ്ടായിരിക്കണം. അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ നടപ്പാക്കാം. അനാവശ്യ സ്വാധീനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ പദ്ധതികള്‍ സുതാര്യതയോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ഡിടിപിസി സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
വെല്‍നെസ്സ് ടൂറിസത്തിന് ആരോഗ്യവകുപ്പുമായും ഹൈഡല്‍ ടൂറിസത്തിന് വൈദ്യുതി വകുപ്പുമായും സിനിമാ ടൂറിസത്തിന് സാംസ്കാരിക വകുപ്പുമായും ഫൂഡീ വീല്‍സിന് ഗതാഗതവകുപ്പുമായും ടൂറിസം വകുപ്പ് ചര്‍ച്ചകള്‍ നടത്തി. പുതിയ പദ്ധതികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ക്കുകയാണെന്നും പദ്ധതികളുടെ ഫണ്ട് ടൂറിസം വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും പങ്കിടുമെന്നും മന്ത്രി വ്യക്തമാക്കി.
കാരവന് പാര്‍ക്കുകള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ ഡിടിപിസികള്‍ കണ്ടെത്തണം. ഡിടിപിസി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടരുതെന്നും കര്‍ശന പരിശോധനയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
വിനോദസഞ്ചാരികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനാവശ്യമായ മികച്ച സംവിധാനങ്ങള്‍ ഓരോ ജില്ലയിലും ഉറപ്പാക്കുകയാണ് അടിസ്ഥാന ആവശ്യമെന്ന് ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു. യാത്രാ വിവരങ്ങള്‍ കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ഡിടിപിസി ഓഫീസുകള്‍ സൂക്ഷിക്കണം. ഓരോ കേന്ദ്രങ്ങളേയും വികസനസാധ്യതകളേയും കുറിച്ച് മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വലുപ്പം നോക്കാതെ സാധ്യതകള്‍ കണ്ടെത്തണം. ജില്ലകളുടെ ടൂറിസം വികസനമാണ് ലക്ഷ്യം. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശുചിത്വത്തിനും സുരക്ഷിതത്ത്വത്തിനും ഊന്നല്‍ നല്കി ലക്ഷ്യസ്ഥാനങ്ങളുടെ പരിപാലനത്തിന് മുന്‍തൂക്കം നല്‍കണം.
ടൂറിസം മേഖലയിലെ നിക്ഷേപകര്‍ക്ക് തടസ്സരഹിത സമീപനം ഉറപ്പാക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനങ്ങളെ പുനര്നിര്വ്വചിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ പങ്കാളികള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബിഎസ് ബിജു, മാര്‍ക്കറ്റിംഗ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജിഎല്‍ എന്നിവരും ഗ്രാന്‍ഡ് ചൈത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ടൂറിസം വകുപ്പ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ സന്തോഷ്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ജോയ്, പ്ലാനിംഗ് ഓഫീസര്‍ രാജീവ് കരിയില്‍, സംസ്ഥാന ഉത്തരവാദിത്ത മിഷന് കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ എന്നിവര്‍ ആദ്യ ദിവസത്തെ സെഷനുകള്‍ക്ക് നേതൃത്വം നല്കി. മഡ്ഡീ ബൂട്ട്സ് വെക്കേഷന്‍സ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി, ബിഎസ് ബിജു, തെന്മല എക്കോടൂറിസം പദ്ധതിയുടെ മാനേജര്‍ ഡി മനോജ് കുമാര്‍ എന്നിവര്‍ വ്യാഴാഴ്ചത്തെ സെഷനുകള്‍ നയിക്കും.