കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്‍പ്പനശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നതിനെതിരെ വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി.
സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താല്‍ ആളുകള്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരന്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സംസ്ഥാനത്തു മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സര്‍ക്കാര്‍ കോടതി നിര്‍ദേശത്തിന്റെ മറവില്‍ 175 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.