CLOSE

പുല്ലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടവും വിവിധോദ്ദേശ ദുരിതാശ്വാസ അഭയകേന്ദ്രവും നാടിന് സമര്‍പ്പിച്ചു

Share

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തലവാചകത്തോടെ ജനപക്ഷ പരിപാടികള്‍ കോര്‍ത്തിണക്കിയ വിഷന്‍ ആന്റ് മിഷന്‍ 2021-26 ലക്ഷ്യം നേടുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. 1,70,000ത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്ത് മാതൃകയായ കഴിഞ്ഞ സര്‍ക്കാറിന്റെ തുടര്‍ച്ചയാകുമ്പോള്‍ എല്ലാ പേരും ഭൂമിയുടെ ഉടമകളാവുക എന്നതാണ് സര്‍ക്കാര്‍. പുല്ലൂര്‍ വില്ലേജിനായി നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടവും ആന്റി സൈക്ലോണ്‍ ഷെഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 44 ലക്ഷം രൂപ ചെലവില്‍ പണി കഴിപ്പിച്ച ഓഫീസ് കെട്ടിടവും 3,28,00,418 രൂപ ചെലവില്‍ പണികഴിപ്പിച്ച വിവിധോദ്ദേശ ദുരിതാശ്വാസ അഭയ കേന്ദ്രവുമാണ് മന്ത്രി വ്യാഴാഴ്ച് നാടിന് സമര്‍പ്പിച്ചത്.

ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷീകം ആഘോഷിക്കുമ്പോള്‍ അതിന്റെ കാതലായ എല്ലാ അംശങ്ങളും നിലനിര്‍ത്തി തന്നെ സമഗ്ര പഠനവും നടപ്പിലാക്കലും നടത്തും. അതിന്റെ ആദ്യപടിയായി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം യുണീക്ക് തണ്ടര്‍പ്പേര്‍ സിസ്റ്റം എന്ന പേരില്‍ എല്ലാവരുടേയും പേരിലുള്ള ഭൂമി അടയാളപ്പെടുത്താന്‍ സാധിക്കുന്ന സങ്കേതവും ഒരുങ്ങി കഴിഞ്ഞു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അനധികൃതമായി ഭൂമി കൈവശം വെച്ചവരില്‍ നിന്ന് ലഭിക്കുന്ന ഭൂമി ഇന്ന് വരെ ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്തവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത കാലം വിവര സാങ്കേതിക മന്ത്രാലയം ആധാറും തണ്ടര്‍പ്പേറും കൂട്ടി യോജിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ യുണീക് തണ്ടര്‍പ്പേര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമായ ഇടപെടലുകള്‍ നടത്തേണ്ട പടിവാതിലാണ് വില്ലേജ് ഓഫീസുകള്‍. അത് സ്മാര്‍ട്ട് ആകുന്നതോടെ പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങളെല്ലാം വളരെ സുതാര്യവും സുഗമവുമാകും. അതിന് എല്ലാ ജീവനക്കാരും പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായുള്ള മൊഡ്യൂളുകള്‍ തയ്യാറായി കഴിഞ്ഞു. ഡിസംബറോടെ പരിശീലനം ആരംഭിക്കും. ദുരന്താനുഭവങ്ങളുടെ കാലഘട്ടത്തില്‍ ഉപയോഗപ്രദമായ ഒരു കേന്ദ്രമായി ഇതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍, എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, എ.ഡി.എം എ.കെ.രമേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത് ഷംന.കെ.എച്ച്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീത.കെ, പുല്ലൂര്‍-പെരിയ ഗ്രമ പഞ്ചായത്ത് മെമ്പര്‍ ടി.വി.കരിയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.നാരായണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍, കെ.സി.പീറ്റര്‍, എം.ഷാജി, ജോസഫ് വടകര, പി.എച്ച്.അബ്ദുള്‍ ഖാദര്‍ പാറപ്പള്ളി, രതീഷ് പുതിയപുരയില്‍, ദിനേശന്‍ പൂച്ചക്കാട്, ചന്ദ്രശേഖരന്‍ പെരിയ, പ്രകാശന്‍ പുതിയ വളപ്പില്‍, വി.കെ.രമേശന്‍, സി.എസ്.തോമസ്, പി.പി.അടിയോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.