തിരുവനവന്തപുരം : നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ മരണത്തില്‍ സി ഐ സുധീറിന് സസ്പെന്ഷന്. ഡിജിപിയാണ് സുധീറിന്റെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ അന്വേഷിക്കും.
യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടിക്കായിരുന്നു ഇത് സംബന്ധിച്ച അന്വേഷണ ചുമതല. അതേസമയം, പോലീസ് സ്റ്റേഷനിലുണ്ടായ മധ്യസ്ഥ ചര്‍ച്ചയില്‍ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സി ഐ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ തെറ്റില്ല. എന്നാല്‍ മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍.
മോഫിയ ക്രൂരപീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭര്‍തൃമാതാവ് സ്ഥിരമായി മോഫിയയെ ഉപദ്രവിച്ചിരുന്നെന്നും സുഹൈല്‍ ശരീരത്തില്‍ പലതവണ മുറിവേല്‍പ്പിച്ചിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചുവെന്ന ആരോപണം ശരിവെയ്ക്കുന്നത് കൂടിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.