CLOSE

മോഫിയയുടെ ആത്മഹത്യ; സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പോലീസ് എഫ്ഐആര്‍

Share

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സിഐ സുധീറിനെതിരെ എഫ്ഐആര്‍. മോഫിയ പര്‍വീണിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സുധീറിന്റെ പെരുമാറ്റമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

പ്രശ്നപരിഹാരത്തിനായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ സുധീര്‍ കയര്‍ത്ത് സംസാരിച്ചു. ഇതോടെ പോലീസില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്ന മോഫിയയുടെ മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുധീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് മോഫിയയുടെ കുടുംബവും ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായതിന് പിന്നാലെ സുധീറിനെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ വകുപ്പുതര അന്വേഷണവും സുധീറിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്.

കേസില്‍ അന്വേഷണം തുടരുകയാണ്. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ പിതാവ് മൂന്നാം പ്രതിയും മാതാവ് രണ്ടാം പ്രതിയുമാണ്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവാഴ്ച കോടതി വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *