അട്ടപ്പാടിയില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യത്വ രഹിതമായ സംഭവങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അട്ടപ്പാടിയില്‍ പണത്തിന്റെയും പദ്ധതികളുടെയും കുറവില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. അട്ടപ്പാടിയുടെ കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തേണ്ടതുണ്ടെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ സഹായം എത്തിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് അട്ടപ്പാടി. കേന്ദ്രസര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് അട്ടപ്പാടിക്കുവേണ്ടി മാറ്റിവച്ചത്. അതെല്ലാം ധൂര്ത്തടിക്കപ്പെടുകയാണ്. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും കൊടുക്കേണ്ട പോഷകാഹാരത്തില്‍ പോലും കൊള്ളയാണ് നടക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള കുരുതിയാണ്.
ഒരു അന്വേഷണവും അട്ടപ്പാടിയുടെ കാര്യത്തില്‍ ഒരു കാലത്തും നടക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും പട്ടിക വര്‍ഗ വകുപ്പിനെയും സമീപിക്കാനാണ് ബിജെപി ആലോചിക്കുന്നത്. അട്ടപ്പാടിയുടെ കാര്യത്തില്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നടത്തേണ്ടതുണ്ട്. എത്ര കോടി വകയിരുത്തി, എത്ര ചെലവഴിച്ചു, യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് അത് പ്രയോജനപ്പെട്ടോ എന്നെല്ലാം അന്വേഷിക്കണം’. കെ സുരേന്ദ്രന് പറഞ്ഞു.
അട്ടപ്പാടിയില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായുള്ള ശിശുമരണത്തിന് പിന്നാലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി വികസനം അട്ടിമറിച്ചതിനുള്ള തെളിവുകളും പുറത്തുവന്നു. അട്ടപ്പാടിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂര് ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.