കൊച്ചി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടില്‍ സുരേ ഷ് എന്ന കള്ളന് സുരേഷാണ്(40) മുളവുകാട് പോലീസിന്റെ പിടിയിലായത്. മണിക്കൂറുകള്‍ക്കകം ആണ് പോലീസ് പ്രതിയെ പിടികൂടിയത്.
മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ സില്വിയെയാണ് (63) ആക്രമിച്ച് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.30ഓടെ ഇവരുടെ വീടിന്റെ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്താണ് പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് പ്രതി സില്‍വിയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
സില്‍വിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല വലിച്ചുപൊട്ടിച്ചെടുത്തു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 4000 രൂപയും എടുത്തശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ പോലീസാണ് ചോരയില്‍ കുളിച്ചു കിടന്ന സില്‍വിയെ ആശുപത്രിയിലെത്തിച്ചത്.
അന്വേഷണത്തില്‍ പ്രതിയെ മുളവുകാട് തണ്ടാശ്ശേരി അമ്പലത്തിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മുളവുകാട് എസ്.ഐമാരായ ജയപ്രകാശ്, ശ്രീജിത്ത്, എ.എസ്.ഐ സരീഷ്, പോലീസുകാരായ സുരേഷ്, രാജേഷ്, അരുണ്‍ജോഷി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.