സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നു വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കും. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാതിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കല്‍ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേര്‍ന്നു രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഇതിന്റ ഭാഗമായി വാക്‌സിന്‍ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയില്‍നിന്നു മുന്‍ഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേര്‍ന്നു തദ്ദേശ സ്ഥാപനതലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണം.
നഗര പ്രദേശങ്ങളില്‍ ഒരു വാര്‍ഡിന് ഒരു ആശ പ്രവര്‍ത്തക മാത്രമേയുള്ളൂവെങ്കില്‍ ഇതിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഉത്തരവാദിത്തമേല്‍പ്പിക്കണം. തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ് നിരന്തരം വിലയിരുത്തല്‍ നടത്തുകയും സമയ പരിധിക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട വാര്‍ഡ്തല സമിതികള്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ആര്‍.ടി.ടി അംഗങ്ങള്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.