അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ ഇന്ന് മന്ത്രിമാരുടെ ഉന്നതതല യോഗം ചേരും. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക.
യോഗത്തില്‍ തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എംവി ഗോവിന്ദന്, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ 27ന് മന്ത്രി കെ രാധാകൃഷ്ണന് അട്ടപ്പാടി സന്ദര്‍ശിച്ച് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായി നവജാത ശിശു മരണം സംഭവിക്കുന്ന അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സന്ദര്‍ശനത്തില്‍ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട പ്രശ്നങ്ങളും നിര്‍ദേശങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ട അടിയന്തര ഇടപെടലുകളും ശുപാര്ശയിലുണ്ടായിരുന്നു.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതാണ് ശുപാര്‍ശയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിനായി കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കണം. സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നും മന്ത്രി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.