തൃശൂര്‍: കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സുരക്ഷിതമായി നിലനില്ക്കുന്നതിന്റെ പ്രധാന കാരണം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍. എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീഡിയാ സ്നേഹവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പുലരുന്ന സമാധാനത്തിന്റെ കാരണം മതാതീതമായി നിലനില്‍ക്കുന്ന സൗഹൃദങ്ങളാണ്. അവ സുദൃഢമായി തന്നെ നിലനില്‍ക്കേണ്ടതുണ്ട്. അതിന് പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സമീപകാലത്ത് പലയിടത്ത് നിന്നായി ഉണ്ടാകുന്നുണ്ട്. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുണ്ടാകുന്ന അത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യു എം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഹുസൈന് ഫാളിലി എറിയാട്, എ എ മുഹമ്മദ് ഇയാസ്, സാദിഖലി ഫാളിലി വടക്കേക്കാട്, സൈഫുദ്ദീന് വള്ളറക്കാട് സംസാരിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ പ്രഭാത്, കെ എ മുരളീധരന്, ലിബീഷ്, ലിജോ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.