തേഞ്ഞിപ്പലം: ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്തെന്ന് പരാതി. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കാലാത്ത് മുഹമ്മദ് കോയ (51)യുടെ പണം ആണ് തട്ടിയെടുത്തത്. ദേശീയപാത 66-ല്‍ പാണമ്പ്ര കൊയപ്പ റോഡ് കവലയില്‍ വെച്ചായിരുന്നു സംഭവം.
ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവുമായി പോകുമ്പോഴായിരുന്നു കവര്‍ച്ച നടന്നത്. വ്യാജ നമ്പറിലുള്ള കാറിലെത്തി പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബൈക്ക് തട്ടിയെടുത്ത് പണം കവര്‍ന്നത്. മുഹമ്മദ് കോയയെ തങ്ങള്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മുഹമ്മദ് കോയ അതിനു തയ്യാറായില്ല. തുടര്‍ന്ന് ആളുകള്‍ കൂടിയപ്പോള്‍ ബൈക്കുമായി അഞ്ചംഗ സംഘം കടന്നുകളയുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവര്‍ കവര്‍ന്ന ബൈക്ക് രാമനാട്ടുകരയിലെ എന്‍.എച്ച് ബൈപ്പാസിലെ മേല്‍പ്പാലത്തിന്റെ അടിയില്‍ കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.