പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബെയില്‍ നിന്നാണ് 21 കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം, എന്തിനാണ് വീട് വീട്ടതെന്നും മറ്റുമുള്ള കാരണങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുംബെയില്‍ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച ശേഷം ഓഗസ്റ്റ് 30നാണു പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍നിന്നു ബുക്സ്റ്റാളിലേക്കെന്നു പറഞ്ഞു പോയ വിദ്യാര്‍ത്ഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു. പെണ്‍കുട്ടി ഇറങ്ങിയ വിവരം ‘അമ്മ സുനിത അപ്പോള്‍ തന്നെ പിതാവിനെ വിളിച്ചറിയിച്ചിരുന്നു. അച്ഛന് രാധാകൃഷ്ണന് സൂര്യക്കായി കാത്തു നിന്ന് മടുത്ത ശേഷമാണ് അന്വേഷണം ആരംഭിച്ചത്.
ആലത്തൂര്‍ ബസ്സ്റ്റാന്റിലേക്ക് നടന്നു പോകുന്ന പെണ്‍കുട്ടിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നു പറഞ്ഞ് പോലീസ് ഏറെ പഴി കേട്ട കേസായിരുന്നു ഇത്. പെണ്‍കുട്ടിയെ പഴനി തുടങ്ങിയ ഭാഗങ്ങളില്‍ കണ്ടെന്നു സൂചനകള്‍ ഉണ്ടായിരുന്നു.