തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത. എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്ക പൂര്‍ണ്ണമായി മാറിയില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് ആലിക്കുട്ടി മുസ്ലിയാര് വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്കി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര് അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാന്‍ സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കി.
നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഏകകണ്ഠമെന്ന് സമസ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.