തിരുവനന്തപുരം: മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു കെട്ടിടംപൊളിച്ചു പണിഞ്ഞിരുന്നു എന്നാണ് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് അഭിറാം എന്ന വിദ്യാര്‍ഥി ഹാര്‍വാര്‍ഡിലേക്ക് കത്തയക്കുകയും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.
‘കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റല്‍ കെട്ടിടം പൊളിച്ചോ ഇല്ലയോ എന്നതാണല്ലോ. വെള്ളപ്പൊക്കം വന്നതും ആളുകളുടെ വീട് പോയതും, തൊഴിലില്ലായ്മയും തകര്‍ന്ന റോഡുമൊന്നും ഒരു പ്രശ്നമേയല്ലല്ലോ. ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്ത കാര്യങ്ങളാണത്. വേണമെങ്കില്‍ അത് എല്ലാവരും അംഗീകരിച്ചാല്‍ മതി. ഹാര്‍വാര്‍ഡ് പോലും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നല്‍കിയത്. അതാണ് ഇപ്പോള്‍ വളച്ചൊടിച്ച് പറയുന്നത്’. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.