കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് ബോട്ടിലും വള്ളങ്ങളിലുമുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ശക്തികുളങ്ങര ദളവാപുരം സ്വദേശിയായ അനൂപിന്റെ വേളാങ്കണ്ണി മാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായ പരിക്കുകളില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.