തിരുവനന്തപുരം:പൂവാര്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ് എക്സൈസ്. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും.
ഇതര സംസ്ഥാന ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ലഹരി പാര്‍ട്ടിക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. റിമാന്‍ഡ് ചെയ്ത മൂന്നു പ്രതികളെയും പ്രത്യേക സംഘം കസ്റ്റഡിയില്‍ വാങ്ങും. ജാമ്യത്തില്‍ വിട്ടയച്ചവരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഫോണ്‍വിളി രേഖകള്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു.
ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സംഘടിപ്പിച്ചത് നിര്‍വാണ ഗ്രൂപ്പാണെന്നും സംഘം കണ്ടെത്തി. സംഘാടകന്‍ അഖില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.