CLOSE

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച് ബസ് ഉടമകള്‍

Share

കൊച്ചി: കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധനവ് ഇല്ലാതെ ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകള്‍.

ഡിസംബര്‍ 21 ന് അകം സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പായില്ലെന്നും ബസ് ഉടമകള്‍ ആരോപിക്കുന്നു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ആശങ്കയുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍. വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകള്‍ നീങ്ങിയാല്‍ കൂടുതല്‍ പ്രതിസന്ധി ആയേക്കുമെന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.

Leave a Reply

Your email address will not be published.