CLOSE

അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി; കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

Share

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമയം ചെയ്യുന്ന കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേരളത്തിനായി ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങള്‍ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.

നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. തല പകുതി മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം.

വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാനാകാതെ കായിക താരങ്ങള്‍ക്ക് മടങ്ങിപോരേണ്ടി വന്നിരുന്നു.

”സമരം ചെയ്യുന്ന തങ്ങളെ വകുപ്പുമന്ത്രി ഇതുവരെ കാണാന്‍ പോലും കൂട്ടാക്കിയിട്ടില്ല. അഞ്ചുതവണ മന്ത്രിയുടെ ഓഫീസിലേക്ക് പോയപ്പോഴും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചുവിട്ടു. നൂറ് ശതമാനവും അര്‍ഹമായ നിയമത്തിനായാണ് സമരം ചെയ്യുന്നത്. സര്‍ക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്” സമരക്കാര്‍ പറയുന്നു.

ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ് മന്ത്രി പറയുന്നത്. എന്നാല്‍ നന്നായി ആലോചിച്ച ശേഷമേ ചര്‍ച്ചയ്ക്ക് വിളിക്കുവെന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും സമരക്കാര്‍ ആരോപിച്ചു.

580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവര്‍ക്കൊന്നും ജോലി ലഭിച്ചിട്ടില്ല. ഇനിയും അനുകൂലമായ തീരുമാനമില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *