തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മെഡിക്കല്‍ കോളേജ് അദ്ധ്യാപക സംഘടനയും രംഗത്തെത്തി.
പിജി വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നതിനാല്‍ കുറവ് നികത്താന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ പോസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഴ്സിങ് കോളേജ് എസ്എഫ്ഐ യൂണിറ്റാണ് പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ച ബഹിഷ്കരണ സമരം പ്രഖ്യാപിച്ച് ഹൗസ് സര്ജന്മാരും രംഗത്ത് വന്നു. അത്യാഹിതം, കോവിഡ് ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും തിങ്കളാഴ്ച ഇവര്‍ ബഹിഷ്കരിക്കും.
സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചകള്‍ക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടര്‍ന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്.
സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നാളെ തുടങ്ങും. നാളെയാണ് അഭിമുഖം. ശമ്പള വര്‍ധനവിലെ അപാകതകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നില്‍പ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.