പെരുമ്പാവൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിപുരിക്കള് വീട്ടില്‍ സഫ്വാന് (31), നെല്ലിക്കുഴി പ്ലാംകുടി വീട്ടില്‍ സാമിനി (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ സിവില്‍ സ്റ്റേഷന് സമീപത്തെ ഭജന മഠത്തിന് എതിര്‍വശത്തെ മൊബൈല്‍ കടയിലായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. മൊബൈല്‍ കടയുടെ ഷട്ടര്‍ പൊളിച്ച് അകത്തു കയറി സംഘം വില കൂടിയ 37 മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്.
ഒളിവില്‍ പോയ പ്രതികളെ എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്. പ്രതികള്‍ മോഷണവസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റു. അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലും സഫ്വാന് ഇരുപതോളം കേസുകളിലും പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ച കുറ്റത്തിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ആണ് പ്രതികളെ പിടികൂടിയത്.