സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നയം നേരത്തെ പ്രഖ്യാപിച്ചതാണ്. ഗവര്‍ണര്‍ ചില ആശങ്കകകള്‍ പ്രകടിപ്പിച്ചതായി മനസിലാക്കുന്നു. ഗവര്‍ണര്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണമെന്ന ലക്ഷ്യം തന്നെയാണ് ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാത്ത ആളല്ല ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ തന്നെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിശദീകരിച്ചതാണ്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്’. ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാം തികഞ്ഞു എന്ന ധാരണ സര്‍ക്കാരിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, മേഖലയെ ദേശീയവും അന്തര്‍ദേശീയവുമായ തലത്തിലേക്ക് ഉയര്‍ത്തുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ തന്നെ നയപ്രഖ്യാപനത്തില്‍ വായിച്ചതാണെന്നും ഓര്‍മിപ്പിച്ചു.
ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം( ഉന്നത വിദ്യാഭ്യാസ രംഗം) കൃത്യമായി പ്രതിപാദിച്ചിരുന്നു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അഭിപ്രായ ഭിന്നതയുണ്ടായാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുകയാണ് വേണ്ടത്. നേരത്തെയും ഗവര്‍ണര്‍ കത്ത് അയക്കുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യമുണ്ടായി.
ഡിസംബര്‍ എട്ടിനാണ് ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചത്. അതില്‍ കൃത്യമായി സര്‍ക്കാര്‍ മറുപടിയും നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ട് മറുപടി നല്‍കിയിരുന്നു. അതില്‍ തന്നെ ഗവര്‍ണര്‍ക്ക് എല്ലാ വിശദീകരണവും നല്‍കിയതാണ്. പിറ്റേന്ന് ധനമന്ത്രിയും ഗവര്‍ണറെ കണ്ടു. എന്നാല്‍ കണ്ണൂരിലായതിനാല്‍ തനിക്ക് ഗവര്‍ണറെ നേരിട്ട് കാണാനാകാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദ പരാമര്‍ശത്തില്‍നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയത്. സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.
വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. തനിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളിലാണ് ഗവര്‍ണറുടെ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.