CLOSE

വാനര മുഖം: അപൂര്‍വ കാഴ്ചയായി ആട്ടിന്‍കുട്ടി

Share

വര്‍ക്കല (തിരുവനന്തപുരം): മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ്ഗ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്റെയും മുഖസാദൃശ്യവുമുള്ള ആട്ടിന്‍കുട്ടി അത്ഭുത കാഴ്ചയാവുന്നു.

വര്‍ക്കല നഗരസഭയിലെ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ആശാ വര്‍ക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് അപൂര്‍വ ആട്ടിന്‍കുട്ടി പിറന്നത്.

ഞായറാഴ്ച രാത്രി 11ഓടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ആട് അപൂര്‍വയിനം ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണ്. ആദ്യപ്രസവത്തില്‍ ആണാടും രണ്ടാമത്തെ പ്രസവത്തില്‍ പെണ്ണാടുമാണ് പിറന്നത്. ഇപ്പോള്‍ പിറന്നുവീണ പെണ്ണാടിന് നെറ്റിത്തടത്തോട് ചേര്‍ന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകള്‍ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്.

മേല്‍ച്ചുണ്ട് അപൂര്‍ണ്ണവുമാണ്. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടിന്‍േറത് തന്നെ. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യന്‍േറതിന് സാദൃശ്യവുമുള്ളവയുമാണ്. തന്മൂലം തള്ളയാട് മുലയൂട്ടുവാന്‍ കൂട്ടാക്കുന്നില്ല.

ഇപ്പോള്‍ കുപ്പിയില്‍ നിപ്പിള്‍ ഘടിപ്പിച്ചാണ് വീട്ടുകാര്‍ ആട്ടിന്‍കുട്ടിക്ക് പാല്‍ നല്‍കിവരുന്നത്. മനുഷ്യ കുഞ്ഞിന്റെ കരച്ചില്‍ പോലെയാണ് ആട്ടികുട്ടിയുടെ ശബ്ദം. ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെ തള്ളയാട് ജന്മം നല്‍കിയ ഈ അപൂര്‍വ ആട്ടിന്‍കുഞ്ഞിനെ കാണാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് പോലും ആളുകള്‍ എത്തുന്നുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇത്തരത്തില്‍ ആട്ടിന്‍ കുട്ടികള്‍ പിറക്കുന്നതെന്നും വര്‍ക്കലയില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും വിദഗ്ധ പരിചരണവും ചികിത്സയും നല്‍കി വരുന്നുണ്ടെന്നും വര്‍ക്കല വെറ്ററിനറി ഡോക്ടര്‍ എസ്. ബൈജു പറഞ്ഞു. ചില അസ്വസ്ഥതകള്‍ ആട്ടിന്‍കുട്ടി കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി വിഭാഗത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *