CLOSE

കുത്തനെ ഉയര്‍ന്ന് അരി വില; കിലോയ്ക്ക് 15 രൂപ കൂടി

Share

തൃശ്ശൂര്‍: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടന്‍ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതില്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍നിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ല്‍ നിന്ന് 48 ആയി.

ആന്ധ്രപ്രദേശില്‍നിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയില്‍ കിലോയ്ക്ക് മൂന്നു രൂപ വീതം ഉയര്‍ന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളില്‍ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്.

ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെല്‍കൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളില്‍ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വര്‍ധനയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികള്‍ പറയുന്നു.

കേരളത്തില്‍ ഓരോ മാസവും 3.3 ലക്ഷം ടണ്‍ അരിയാണ് വില്‍ക്കുന്നത്. ഇതില്‍ 1.83 ലക്ഷം ടണ്‍ വെള്ള അരിയും 1.5 ലക്ഷം ടണ്‍ മട്ടയുമാണ്. കേരളത്തിലെ റൈസ് മില്‍ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു.

കേരളത്തില്‍ അരി ഉത്പാദനം കുറവായതിനാല്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തില്‍ രണ്ട് വിളകളായി ഉത്പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തുകയാണ്. കേരളത്തില്‍ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 6.05 ലക്ഷം ടണ്‍ ആയിരുന്നു അരി ഉത്പാദനം. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവിതരണകേന്ദ്രങ്ങള്‍ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *