കൊച്ചി: കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ശരിവെച്ച് ഹൈക്കോടതി. വിസിയുടെ പുനര്‍നിയമനത്തിന് എതിരായി കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളി. ഹര്‍ജി നിയപരമായി നിലനിക്കില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് അമിത് റാവല്‍. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷന് ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്കിയ സത്യവാങ്മൂലം നിര്‍ണായകമായി.
നിലവില്‍ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും. വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത്. ഇതിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേല്‍ കണ്ണൂര്‍ വിസിയെ നിലനിര്‍ത്താനായി സമ്മര്‍ദ്ദമുണ്ടായെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ ആരാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞിരുന്നില്ല.