ഇന്ത്യയുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് കേരളത്തിലെ ഒരു പ്രാഥമികസഹകരണസംഘം ആഗോള റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. വ്യവസായ ഉപഭോക്തൃസേവന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍ റാങ്ക് ചെയ്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യെ ആണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് യുഎല്‍സിസി ഈ സ്ഥാനം നേടുന്നത്.
ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്പെയിനിലെ കോര്പ്പറേഷന് മോണ്‍ട്രാഗോണ്‍ എന്ന തൊഴിലാളി സംഘത്തിനാണ്. മൂന്നുമുതലുള്ള സ്ഥാനങ്ങള്‍ ഇറ്റലി, അമേരിക്ക, ജപ്പാന്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും (Euricse) ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണസമ്പദ്ഘടന വിശകലനം ചെയ്തു തയ്യാറാക്കുന്ന അതിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2019-ലെ റിസള്‍ട്ടുകളും റാങ്കിങ്ങുമാണ്.
ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതില്‍ ഇന്‍ഡ്യയില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെക്കൂടാതെ മൂന്നു സ്ഥാപനങ്ങള്‍കൂടിയേ ഉള്ളൂ. ഇന്‍ഡ്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, വളം നിര്‍മ്മാതാക്കളായ ക്രിഭ്കോ (Kribhco) എന്നിവയാണവ.
വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019-ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണ സംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.
തിളക്കമാര്‍ന്ന നേട്ടത്തിന് സംസ്ഥാന സഹകരണമന്ത്രി വി.എന്‍. വാസവന് ഊരാളുങ്കല്‍ സൊസൈറ്റിയെ അനുമോദിച്ചു. ഈ നേട്ടം സഹകരണപ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിലെ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണെന്ന് പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയിലെത്തിക്കാന്‍ ശ്രമിക്കുക്കയും ശാക്തീകരിക്കുകയും ചെയ്യുന്നതില്‍ സഹകരണമേഖലയ്ക്കുള്ള പങ്ക് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ആഗോള അംഗീകാരം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ അവര്‍ നടത്തുന്ന മുന്‍കൈകള്‍ വിജ്ഞാനസമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുന്‍കൈയില്‍ 1925-ല്‍ 14 അംഗങ്ങള്‍ ചേര്‍ന്ന് ആറണ(37 പൈസ)യുടെ പ്രാരംഭമുതല്‍മുടക്കില്‍ ആരംഭിച്ച ‘ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ ആണ് ഇന്ന് ഇന്ത്യന്‍ സഹകരണമേഖലയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
ജനങ്ങള്‍ക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്ന അടിസ്ഥാനദൗത്യം നിര്‍വ്വഹിച്ചുവരുന്ന ഈ സൊസൈറ്റി നിര്‍മ്മാണമേഖലയില്‍ 13,000 തൊഴിലാളികള്‍ക്കും ആയിരം എന്‍ജിനീയര്‍മാര്‍ക്കും ആയിരം സാങ്കേതികവിദഗ്ദ്ധര്‍ക്കും ഐറ്റി മേഖലയില്‍ 2000 പ്രൊഫഷണലുകള്‍ക്കും കരകൗശലമേഖലയില്‍ ആയിരത്തില്‍പ്പരം പേര്‍ക്കും സ്ഥിരമായി തൊഴില്‍ നല്കുന്നു.
ടൂറിസം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാര്‍ഷിക-ക്ഷീരോത്പാദനവും സംസ്ക്കരണവും, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലേക്കുള്ള വൈവിദ്ധ്യവത്ക്കരണത്തിന്റെ പാതയിലാണു സൊസൈറ്റി. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയായി സൊസൈറ്റി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൊസൈറ്റിയുടെ വെബ്സൈറ്റ്: https://ulccsltd.com