തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായി വിളംബര ഘോഷയാത്രയും ഇരുചക്ര വാഹനറാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
വിളംബര ഘോഷയാത്രയ്ക്ക് മുന്നോടിയായി രണ്ടു മണിക്ക് മ്യൂസിയം കവാടത്തില്‍ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ ശിങ്കാരി മേളം ആരംഭിച്ചു. അതിനു ശേഷം മൂന്നു മണിക്ക് സ്ത്രീധനത്തിനെതിരേ, സ്ത്രീപീഡനത്തിനെതിരേ ‘സ്ത്രീപക്ഷ നവകേരളം’ എന്നെഴുതിയ ബാനറുമായി കുടുംബശ്രീ വനിതകള്‍ മുന്നിലും ഇവര്‍ക്ക് പിന്നിലായി കുടുംബശ്രീ അംഗങ്ങളായ ശിങ്കാരിമേളക്കാരും അണിനിരന്നു. കവി മുരുകന് കാട്ടാക്കട കവിത ചൊല്ലി. പിന്നാലെ ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുമെത്തിയ സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം വനിതകള്‍ ഘോഷയാത്രയിലും ഇരുചക്ര വാഹന റാലിയിലുമായി പങ്കെടുത്തു. ഇരുചക്ര വാഹന റാലിയില്‍ പങ്കെടുത്ത എല്ലാവരും വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ കൊണ്ട് തങ്ങളുടെ വാഹനങ്ങള്‍ അലങ്കരിച്ചിരുന്നു. അമ്മമാര്‍ക്കൊപ്പം കുട്ടികളും ഇരുചക്രവാഹനറാലിയില്‍ പങ്കെടുത്തു. മ്യൂസിയം മുതല്‍ എല്‍.എം.എസ് വഴി പാളയം സ്റ്റാച്യൂ വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു പരിപാടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സലിം, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര് ഷൈജു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാനി നിജം എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. ഡിസംബര്‍ 18ന് വൈകുന്നേരം 3 മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.