വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിപിന്‍ വേണുഗോപാലിനെതിരെയാണ് അഞ്ചോളം വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്. പയമ്പള്ളി പുതിയടത്ത് കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം ഉണ്ടായത്.
വൈല്‍ഡ് ലൈഫ് വാര്ഡന് നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, മര്‍ദ്ദനം, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരാളും വന്നില്ലെന്നും തങ്ങളാണ് കടുവയെ പിടിക്കാന്‍ ഇറങ്ങിയതെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, കുറുക്കന്മൂലയിലെ ജനവാസ മേഖലകളില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി 20 ദിവസത്തിനിപ്പുറവും തെരച്ചില്‍ തുടരുകയാണ്. 180 വനംവകുപ്പ് ജീവനക്കാരും 30 പോലീസുകാരും ഉള്‍പ്പെട്ട സംഘം കുറുക്കന് മൂലയില്‍ തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. വനംവകുപ്പ് സംഘം മുപ്പത് പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.