CLOSE

കടം വാങ്ങിയ പണം തിരികെ ചോദിച്ചു: വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; യുവതി അറസ്റ്റില്‍

Share

പെരിന്തല്‍മണ്ണ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് എരവിമംഗലം വീട്ടിക്കല്‍ത്തൊടി പ്രമീള(44)യെയാണ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടില്‍ മറിയംബീവി(67)യെയാണ് പ്രമീള കിണറ്റില്‍ തള്ളിയിട്ടത്.

വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയില്‍ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞു.

സംഭവദിവസം രാവിലെ പണം നല്‍കാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു. പണം ലഭിക്കുമെന്ന് വിശ്വസിച്ചെത്തിയ മറിയം ബീവിയെ കിണറിനടുത്തെത്തിയപ്പോള്‍ പ്രമീള തള്ളിയിടുകയായിരുന്നു. വയോധിക കിണറിന്റെ മോട്ടോര്‍ കയറില്‍ തൂങ്ങി നിന്നതോടെ കയര്‍ മുറിക്കാനും പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.

അപ്പോഴേക്കും നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ഇവരെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ സി.കെ നൗഷാദ് ആണ് പ്രമീളയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി സ്വമേധയാ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുരേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *