CLOSE

ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പു വരുത്തിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ: സ്പീക്കര്‍ എം.ബി രാജേഷ്

Share

ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലൂടെ മാത്രമെ ജനാധിപത്യം പൂര്‍ണമാകൂയെന്നും സ്പീക്കര്‍ എം ബി രാജേഷ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
ഒരു ഭാഗത്ത് നിയമം മൂലം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മറ്റൊരു ഭാഗത്ത് ന്യൂനപക്ഷ അവകാശ ലംഘനങ്ങള്‍ മൂലം ഭീതിജനകമായ സാഹചര്യത്തിലാണ് ഇന്ത്യ കടന്നു പോകുന്നത്. അത്തരത്തിലുളള സാഹചര്യങ്ങളെ മറികടന്ന് കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിരവധി അവകാശങ്ങള്‍ ഉണ്ടെങ്കിലും അവ പൂര്‍ണമായും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പരഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
പൗരത്വ നിയമത്തെ കേരളം ശക്തമായി എതിര്‍ത്തുവെന്ന് മന്ത്രി പറഞ്ഞു. ന്യൂനപക്ഷ കോളേജുകള്‍ അമിതമായി ഫീസ് ഈടാക്കി വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കരുതെന്നും മറ്റുപല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വകുപ്പ് പോലുമില്ലെന്നും മുഖ്യാതിഥിയായ ഹജ്ജ് – വഖഫ് കായിക മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
അഡ്വ.ഹരീഷ് വാസുദേവന്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, നെയ്യറ്റിന്‍കര രൂപത മെത്രാന്‍ റൈറ്റ്.റവ.ഡോ.വിന്‍സന്റ് സാമുവല്‍ എന്നിവര്‍ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രഘുവരന്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ് നന്ദിയും പറഞ്ഞു. എല്ലാ ജില്ലകളിലും ന്യൂനപക്ഷ അവകാശ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.