CLOSE

റിട്ട. ഉദ്യോഗസ്ഥനില്‍ നിന്ന് 28 ലക്ഷം തട്ടിയെടുത്തു : പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

Share

തിരുവനന്തപുരം: റിട്ട. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. പേരൂര്‍ക്കട സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പശ്ചിമ ബംഗാള്‍ പരഗനാസ് സ്വദേശി ശങ്കര്‍ ദാലിയെയാണ് (29) പോലീസ് പിടികൂടിയത്.

കൊല്‍ക്കത്തയില്‍ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിട്ട. ഉദ്യോഗസ്ഥനുമായി വാട്‌സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച്, കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

16 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ 2.2 കോടി ഡോളര്‍ അടങ്ങിയ പാര്‍സല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയെന്നും കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടിയും അടക്കണമെന്നും അല്ലാത്തപക്ഷം ഡോളര്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്നും പറഞ്ഞ് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 27.34 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ ക്രൈം സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ പി.ബി, സബ് ഇന്‍സ്‌പെക്ടര്‍ ബിജുലാല്‍ കെ.എന്‍, സൈബര്‍ ക്രൈം സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, ആദര്‍ശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊല്‍ക്കത്ത പര്‍ണശ്രീയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.