തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി തന്നെ പറയുന്നു. ഗുണ്ടകള്‍ സംസ്ഥാനത്ത് വിഹരിക്കുമ്പോള്‍ പോലീസും സര്‍ക്കാറും നിഷ്‌ക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇത്ര കഴിവുകെട്ട പോലീസ് സംവിധാനം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐക്ക് എസ്.എച്ച്.ഒ പദവി നല്‍കിയതാണ് െേപാലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സി.ഐയുടെ ജോലി എസ്.ഐ തരത്തിലേക്ക് മാറിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമായ സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.